കോഴഞ്ചേരി : ആൻ്റി റാബീസ് വാക്സിൻ എടുത്ത നാരങ്ങാനം സ്വദേശിനിയായ 13 കാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു. നാരങ്ങാനം നോർത്ത് കണമുക്ക് തറഭാഗം സ്വദേശിനി ശിൽപ്പാ രാജൻ്റെയും ബിനോജിൻ്റെയും മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഭാഗ്യലക്ഷ്മിയാണ് ഏപ്രിൽ 9 ന് മരിച്ചത്.
രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് സംഭവം ഒതുക്കിതീർക്കാനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രമമെന്നും ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബർ 13 ന് രാവിലെ 7.30 ന് സ്ക്കൂളിലേക്ക് പോകാനായി റോഡിൽ നിൽക്കുമ്പോഴാണ് ഭാഗ്യലഷ്മിക്ക് സമീപവാസി യുടെ വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്.
കുട്ടിയുടെ കൈത്തണ്ടയിലും കാലിലും നായയുടെ കടിയേറ്റു. കൈയ്യിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. ഉടൻ തന്നെ മുറിവുകൾ സോപ്പിട്ട് കഴുകിയ ശേഷം 8 മണിയൊടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. അന്നേ ദിവസം 11 മണിക്ക് മുൻപായി വാക്സിൻ എടുത്ത് ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടുകയും ചെയ്തു.
തുടർന്ന് കൃത്യമായ ഇടവേളകളിൽ 5 വാക്സിനുകളും എടുത്തിരുന്നു. കുട്ടിയെ കടിച്ച നായയും, ഈ നായ കടിച്ച മറ്റ് രണ്ട് നായ്ക്കളും ചത്തതോടെ ഭാഗ്യലഷ്മിയുടെ മാതാവ് ശിൽപ്പാ രാജൻ നാരങ്ങാനം പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും പരാതി നൽകി. എന്നാൽ നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം ഉയർന്നത് ആരോഗ്യ വകുപ്പിന് നൽകിയ പരാതിയും ജലരേഖയായി.
വാക്സിൻ എടുത്തതോടെ തങ്ങളുടെ കുട്ടി സുരക്ഷിതയായതായി കരുതി ശിൽപ്പാ രാജനും പിന്നീട് പരാതിയുമായി മുന്നോട്ട് പോയില്ല. എന്നാൽ കഴിഞ്ഞ ഏപ്രിൽ 1 ന് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് പനി ആണെന്ന് പറഞ്ഞ് ഓ ആർ എസ് കൊടുത്ത് മടക്കി അയച്ചു. മൂന്നിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വീണ്ടും പനിക്ക് മരുന്ന് നൽകി ഡിസ്ചാർജ് ചെയ്തു.
എന്നാൽ കുട്ടിക്ക് ഫിക്സ് പോലെ ഉണ്ടായതോടെ ഭയപ്പാടിലായ മാതാവ് ഭാഗ്യ ലഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഭാഗ്യലഷ്മിയുടെ പിതാവ് ബിനോജ് ജോലി സംബന്ധമായി വിദേശത്താണ്. കുട്ടിയുടെ സ്ഥിതി വഷളായതോടെ പത്തനംതിട്ടയിലെ ആശുപത്രിയിൽനിന്നും തിരുവല്ലയിലെ ആശുപത്രിയിലെക്ക് മാറ്റുകയും പിന്നീട് അമ്യത ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇവിടേക്കുള്ള യാത്രക്കിടെ ഭാഗ്യലഷ്മിക്ക് കാർഡിയാക്ക് അറസ്റ്റ് ഉണ്ടായി.
ഏപ്രിൽ മാസം 9 ന് ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. കുട്ടിയുടെ അന്തരീകാവയവങ്ങളുടെ പരിശോധന ഫലം ആദ്യം ആരോഗ്യ വകുപ്പ് നൽകിയത് നെഗറ്റീവ് എന്നാണ്. എന്നാൽ കുട്ടിയുടെ രക്ഷിതാക്കൾ അമൃത ആശുപത്രി അധികൃതരുടെ സഹായത്തോടെ വീണ്ടും നടത്തിയ പരിശോധനയിലാണ് ഇപ്പോൾ കുട്ടിയുടെ മരണം പേവിഷബാധ കാരണമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഭാഗ്യലഷ്മിയുടെ മാതാപിതാക്കൾ ജില്ലാ പോലീസ് മേധാവിക്കും, ഡി എം ഓ ക്കും പരാതി നൽകി.
തങ്ങളുടെ മകളുടെ അവസ്ഥ ഇനി മറ്റൊരു കുട്ടികൾക്കും ഉണ്ടാകാതിരിക്കാനായാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ഭാഗ്യലക്ഷ്മിയുടെ പിതാവ് ബിനോജ് പറഞ്ഞു. ആരോഗ്യ വകുപ്പിൽ നിന്നും ശക്തമായ നടപടികൾ ഉണ്ടാകാത്ത പക്ഷം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭാഗ്യലക്ഷ്മിയുടെ മാതാപിതാക്കൾ.