തിരുവനന്തപുരം:വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീന്‍ എന്നിവർക്കാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി(71) കൊല്ലപ്പെട്ടത്. ശാന്തകുമാരിയുടെ അയൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികൾ വാടക വീട് ഒഴിയുന്ന ദിവസം ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീടിന്റെ മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. രാത്രിയിൽ വീട്ടുടമയും മകനും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളെ അന്ന് രാത്രി തന്നെ പൊലീസ് പിടികൂടി.
തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ 2020-ൽ കോവളത്ത് 14-കാരിയെ കൊലപ്പെടുത്തിയ കേസിലും റഫീഖാ ബീവിയും മകന്‍ ഷഫീഖും പ്രതികൾ ആണെന്ന് കണ്ടെത്തി. ഈ കേസ് ഇപ്പോൾ വിചാരണയിലാണ്.