കോട്ടയം:ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ “മലങ്കര മൽപ്പാൻ” സ്ഥാനം നൽകി.
മലങ്കര സഭയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി “റീശ് കോർഎപ്പിസ്കോപ്പാ” എന്ന സ്ഥാനം നൽകി വാഴിച്ചതിനോടനുബന്ധിച്ചാണ് മലങ്കര മൽപ്പാൻ സ്ഥാനവും നൽകിയത്. പാമ്പാക്കുടയിലെ പുരാതനമായ കോനാട്ട് കുടുംബത്തിൽ തൻ്റെ പിതാമഹന്മാരുടെ പിൻഗാമിയായിട്ടാണ് അദ്ദേഹം മലങ്കര മൽപ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്.
മലങ്കര സഭയുടെ ആരാധനകളും പ്രാർത്ഥനകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ നേതൃത്വം നൽകുകയും, അന്ന് സുറിയാനി ഭാഷ വൈദീക വിദ്യാർത്ഥികളെ അഭ്യസിപ്പിക്കുകയും ചെയ്ത മൽപ്പാന്മാരുടെ നിരകളിൽ വർത്തമാനകാല പ്രതിനിധിയാണ് ഫാ. ഡോ. ജോൺസ് ഏബ്രഹാം. സുറിയാനി ഭാഷാ പണ്ഡിതനായ അദ്ദേഹം, സുറിയാനി പിതാക്കന്മാരെക്കുറിച്ചും ആരാധനാ – ആചാര അനുഷ്ഠാനങ്ങളെക്കുറിച്ചും ഗവേഷണം നടത്തുകയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിക്കുകയും ചെയ്തിട്ടുണ്ട്.