മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്. മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും ആറു പേർ മലയാളികളുമാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് കാരണം.
ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുടെ സംഘാംഗങ്ങളെയും എച്ച്ഐവി പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തി വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ കുടുംബങ്ങളെ കേന്ദ്രീകരിച്ചും ആരോഗ്യവകുപ്പ് പരിശോധയും സ്ക്രീനിങ്ങും ആരംഭിച്ചു.