കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ഒരുങ്ങി ചലച്ചിത്ര സംഘടനകള്‍. ദിലീപ് അപേക്ഷ നല്‍കുകയാണെങ്കില്‍ യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
നേരത്തെ ദിലീപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദിലീപ് ഒരു സിനിമ നിര്‍മ്മിച്ചു. സിനിമ നിര്‍മ്മിച്ച സമയത്ത് താത്കാലിക മെമ്പര്‍ഷിപ്പ് നല്‍കി തിരിച്ചെടുക്കുകയുണ്ടായി. ഇനിയിപ്പോള്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ യോഗം ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയത്.
ദിലീപിന്റെ ഫെഫ്കയിലെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നും ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേസില്‍ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം.
കോടതി വിധിയില്‍ വ്യക്തിപരമായി സന്തോഷമെന്നാണ് അമ്മ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരന്‍ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനര്‍ത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ടുപേരും സഹപ്രവര്‍ത്തകരാണ്. വിധി അമ്മയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി പ്രതികരണം ഉടന്‍ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.






