ആലപ്പുഴ: ജില്ലാ നിയമസേവന അതോറിറ്റിയുടെ സൗജന്യ നിയമ സേവന ക്ലിനിക് ജില്ലാ കളക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ജഡ്ജും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ഡോ. സി എസ് മോഹിത് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരിലേക്ക് വേഗത്തിൽ നിയമസഹായം എത്തിക്കുന്നതിനും കൂടുതൽ സഹായം ആവശ്യമുള്ള കേസുകൾ കോടതിയുടെ ശ്രദ്ധയിലേക്ക് എത്തിക്കാനും നിയമ സേവന ക്ലിനിക്കിലൂടെ സാധിക്കുമെന്ന് ജില്ലാ ജഡ്ജ് വ്യക്തമാക്കി. സംസ്ഥാനത്തെ 62 താലൂക്കുകളിൽ ലീഗൽ സർവീസ് അതോറിറ്റിയുടെ സേവനം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ബുധനാഴ്ചകളിൽ കളക്ടറേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ പൊതുജനങ്ങൾക്ക് സൗജന്യ സേവനം ലഭ്യമാകും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രവർത്തനം.
സാധാരണക്കാരായ എല്ലാവരിലേക്കും നിയമ സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തുടനീളം സൗജന്യ നിയമസേവന ക്ലിനിക്കുകൾ ആരംഭിച്ചിട്ടുള്ളത്.
വയോനന്മ, ഗോത്രവർദ്ധൻ, ഹാർമണി ഹബ്ബ്, നിലാവ്, ന്യായപ്രവേശിക, അതിജീവനം, ക്ലാപ് (ചൈൽഡ് ലീഗൽ അസിസ്റ്റൻസ് പ്രോഗ്രാം) തുടങ്ങിയവയാണ് ലീഗൽ സർവീസ് അതോറിറ്റി നടപ്പിലാക്കി വരുന്ന പദ്ധതികള്‍.