പത്തനംതിട്ട : വൈദ്യുതി കുടിശ്ശിക ഏറിയതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എട്ടു മാസത്തെ കുടിശ്ശികയായി അറുപത്തി നാലായിരത്തി ഇരുന്നൂറ്റി എഴുപത്തിഒന്ന് രൂപയാണ് ( 64,271 ) പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും അടയ്ക്കാനുളളത്. വൈദ്യുതി വിച്ഛേദിച്ചത്തോടെ ഓഫീസിന്റെ പ്രവർത്തനവും അവതാളത്തിലായി.
മുൻപുള്ള മാസങ്ങളിൽ സ്വർണ്ണം പണയം വച്ച് വരെ കെഎസ്ഇബിയുടെ ബിൽ തുക പത്തനംതിട്ട ഡിഇഒ അടച്ചിട്ടുണ്ടെന്നാണ് പറയുന്നത്. തുടർന്ന് വകുപ്പിൽ നിന്ന് തന്നെ പണം നൽകാതെ പറ്റില്ലെന്നുളള നിലപാട് സ്വീകരിച്ചു. ഇതോടെ എട്ടു മാസത്തെ വൈദ്യുതി ബിൽ തുക കുടിശ്ശികയായി. തുക അടയ്ക്കാതായതോടെ ഇന്ന് രാവിലെ കെഎസ്ഇബി ജീവനക്കാരെത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി മാറ്റുകയായിരുന്നു. വേനൽ ചൂട് കടുത്ത ഈ സമയത്ത് വൈദ്യുതി ലഭിക്കാതായതോടെ ജീവനക്കാർക്ക് ഓഫീസിനുള്ളിലിരുന്ന് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായി.
108 സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. ഇതോടെ സ്കൂളുകളുമായി ബന്ധപ്പെട്ട ജോലികളും അവതാളത്തിലായി. ജില്ലാ വിദ്യാഭ്യാസ ഓഫീസും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ടവർ എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.