ആലപ്പുഴ : രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് പ്രധാനമായും മാർഗ്ഗ ദീപമായത് ഗാന്ധിയൻ ദർശനങ്ങളാണെന്ന് പി പി ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു. ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ സമര, ജീവിത ചരിത്രം കോർത്തിണക്കി നഗരചത്വരത്തിലെ കേരള ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച ഗാന്ധിസ്മൃതി ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.
ഏഴ് വയസ്സുള്ളപ്പോളുള്ള ഗാന്ധിജിയുടെ ചിത്രം മുതൽ ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ കാലഘട്ടം, അഭിഭാഷക പഠനം, ബോയർ യുദ്ധ കാലത്തെ ചിത്രങ്ങൾ, കസ്തൂർബ ഗാന്ധിയ്ക്കൊപ്പമുള്ള ചിത്രം, ഉപ്പ് സത്യാഗ്രഹം, ജിന്നയ്ക്കൊപ്പവും കുഞ്ഞ് ഇന്ദിരാഗാന്ധിക്കൊപ്പവുമുള്ള ചിത്രങ്ങൾ ഇതിൽ കോർത്തിണക്കിയിരിക്കുന്നു.
ഗാന്ധിജിയുടെ അന്ത്യയാത്ര വരെയുള്ള 60 ഓളം അപൂർവ്വ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ചിത്രങ്ങള്‍ക്കെപ്പം അവയുടെ വിവരണവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ഒക്ടോബർ എട്ടു വരെ എല്ലാദിവസവും രാവിലെ 11 മണി മുതൽ ചിത്രപ്രദർശനം സൗജന്യമായി കാണാം.






