ആലപ്പുഴ : അരൂര്‍-തുറവൂര്‍ ഫ്ലൈ ഓവര്‍ നിര്‍മാണ മേഖലയില്‍ ഗര്‍ഡര്‍ തകര്‍ന്നുവീണ് മരിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ രാജേഷ് മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസെടുത്ത് പോലീസ്. കമ്പനിയുടെ ജീവനക്കാരെ പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍മാണത്തിലെ വീഴ്ച വ്യക്തമാക്കി ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യയാണ് ചുമത്തിയിട്ടുള്ളത്. ഇത് ജാമ്യമില്ലാത്ത വകുപ്പായതുകൊണ്ട് അറസ്റ്റിലായാല്‍ പ്രതികള്‍ റിമാന്‍ഡിലാകും. കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസിന് ഇവരെ കസ്റ്റഡിയില്‍ വാങ്ങാം. അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ തൂണുകള്‍ക്ക് മുകളില്‍ ബീമുകള്‍ കയറ്റിയാല്‍, സ്വാഭാവികമായും അത് താഴെ വീഴാനുള്ള സാധ്യതയും അപകടം ഉണ്ടാകാനുള്ള സാധ്യതയും പ്രതികള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും സുരക്ഷാ ക്രമീകരണങ്ങളോ ട്രാഫിക് നിയന്ത്രണങ്ങളോ ഏർപ്പെടുത്താതെ ഇവിടെ ഗര്‍ഡര്‍ കയറ്റുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.
അതേസമയം കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് കരാര്‍ കമ്പനി അറിയിച്ചു. ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്. നാളെ തന്നെ ചെക്ക് നല്‍കുമെന്നാണ് കമ്പനിയുടെ ഉറപ്പ്. സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി ദേശീയപാതാ അതോറിറ്റി അറിയിച്ചു.






