മലപ്പുറം : പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു.മലപ്പുറം പെരുവള്ളൂർ സ്വദേശിനിയായ സിയ ഫാരിസാണ് (5) കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത് .
മാർച്ച് 29 നാണു സിയ അടക്കം 6 പേർക്കു പട്ടിയുടെ കടിയേറ്റത്. കുട്ടിയുടെ കാലിലും തലയിലും കടിയേറ്റു. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും പേവിഷബാധക്കെതിരായ കുത്തിവെപ്പെടുക്കുകയും ചെയ്തു. എന്നാൽ ഒരാഴ്ച മുൻപു കുട്ടിക്ക് പനി ബാധിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.
കുട്ടിയുടെ കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്നാണ് ഡോക്ടർമാർ പറയുന്നത്.