പത്തനംതിട്ട: സിനിമാ സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള എന്ന കെ.ആർ. ഉണ്ണികൃഷ്ണൻ നായർ (68) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) ആറന്മുള കോട്ടയ്ക്കകത്തെ വീട്ടു വളപ്പിൽ നടക്കും. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചെങ്ങന്നൂരിലെ താമസ സ്ഥലത്ത് നിന്ന് ബുധനാഴ്ച വൈകിട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നടി ഉർവശി ആദ്യമായി സിനിമയിൽ എത്തിയത് ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിർപ്പുകൾ എന്ന സിനിമയിലൂടെയാണ്.
ഉണ്ണി ആറന്മുള എഴുതിയ ” മനസ്സൊരു മാന്ത്രിക കുതിരയായ് ” , ( എതിർപ്പുകൾ) “പൂ നുള്ളും കാറ്റേ ” ” സ്വർഗം സിനിമയിലെ ” ഈരേഴു പതിനാല് ലോകങ്ങളിൽ ” എന്നീ ഗാനങ്ങൾ പഴയ കാല സൂപ്പർ ഹിറ്റുകളായിരുന്നു. ഇതിന് പുറമെ അനവധി സിനിമകൾക്കായി അദ്ദേഹം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
കോവിഡ് കാലത്ത് സംവിധാനം ചെയ്ത കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാനം സംവിധാനം ചെയ്ത ചിത്രം. പ്രിന്റുകൾക്ക് അന്ന് തകരാർ സംഭവിച്ചതിനെ തുടർന്ന് ആ സിനിമ റിലീസ് ആയില്ല. ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായിരുന്ന ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിച്ച് സിനിമാ മേഖലയിൽ എത്തുകയായിരുന്നു. അവിവാഹിതനാണ്