തിരുവനന്തപുരം: സിപിഎം സർക്കാർ ‘അയ്യപ്പ സംഗമം’ ആഘോഷിക്കുന്നത് “ജനങ്ങളെ വിഡ്ഢികളാക്കാനുള്ള” കുതന്ത്രത്തിന്‍റെ ഭാഗവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പിണറായി വിജയൻ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ച്, അവർക്കെതിരെ കേസെടുക്കുകയും പോലീസ് അതിക്രമം അഴിച്ചുവിടുകയും ചെയ്തു. ശബരിമലയിൽ കാലാകാലമായി നിലനിന്ന് പോന്നിരുന്ന ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം ചെയ്തു.
സ്റ്റാലിനും അദ്ദേഹത്തിന്‍റെ മകനും ഹിന്ദുക്കളെ ആവർത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറയുകയും ചെയ്തു. ഇതെല്ലാം ഓരോ ഹിന്ദുവിൻ്റെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്; അവരാരും ഇത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ല.ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ പിണറായിക്കും സ്റ്റാലിനും അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളു.
അയ്യപ്പഭക്തർക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയൻ സർക്കാർ മാപ്പ് പറയണം. ശബരിമലയുടെ ആചാരങ്ങൾ ലംഘിച്ചതിന് അയ്യപ്പസ്വാമിയോട് മാപ്പ് അപേക്ഷിക്കുകയും വേണം.സ്റ്റാലിനും മകൻ ഉദയനിധിയും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ.
ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയിൽ പങ്കെടുക്കാനും ശ്രമിച്ചാൽ, ബിജെപിയുടെ ഓരോ പ്രവർത്തകനും ഇതിനെതിരെ തെരുവിലിറങ്ങും. ഈ വിഷയത്തിൽ ബിജെപിയുടെ ശക്തിയെ കുറച്ചുകാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി






