പത്തനംതിട്ട : പത്തനംതിട്ട ഗവ. നഴ്സിങ് കോളജിലെ വിദ്യാർത്ഥികൾ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ഗവ. നഴ്സിങ് കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും, ഐഎൻസി അംഗീകാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി മന്ത്രിയുടെ ഓഫീസ് ഉപരോധിച്ചത്.
60 വിദ്യാർത്ഥികൾ പഠനം നടത്തുന്ന നഴ്സിങ്ങ് കോളേജ്, ഇടുങ്ങിയ മൂന്ന് മുറി വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 60 വിദ്യാർത്ഥികൾക്കായി ഒരു ടോയ്ലറ്റ് മാത്രമാണ് ഉള്ളത്. കേരളത്തിലെ മറ്റ് 13 ഗവ. നേഴ്സിങ് കോളേജുകളും മെഡിക്കൽ കോളേജ് കാമ്പസുകളിൽ പ്രവർത്തിക്കുമ്പോൾ, കോന്നി മെഡിക്കൽ കോളേജിൽ തങ്ങൾക്ക് പഠന സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി.
നഴ്സിങ് കോളേജിൻ്റെ ദു:സ്ഥിതി മന്ത്രിയെ പലവട്ടം നേരിൽ കണ്ട് അറിയിച്ചപ്പോഴെല്ലാം, “ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ” എന്ന് പറയുന്നതല്ലാതെ,. യാതൊരു പരിഹാരവും കാണാൻ തയ്യാറാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. ഈ വർഷം പുതിയ ബാച്ചിൻ്റെ അഡ്മിഷൻ നടക്കുന്നതോടെ, നിലവിലെ കെട്ടിടത്തിൽ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ വരും. പേരിൽ ഗവ. നേഴ്സിങ് കോളെജ് എന്ന് പറയുന്നുണ്ടെങ്കിലും നിലവിൽ പ്രതിമാസം ആറായിരത്തിലധികം രൂപ ഫീസായി നൽകേണ്ടി വരുന്നുണ്ട്. ഈ തുക നൽകാൻ കഴിയാതെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഗവ. നഴ്സിങ് കോളേജിൽ പോലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാരിന്,വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകരുത് എന്ന് പ്രമേയം പാസ്സാക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നും വിദ്യാർത്ഥികൾ ചോദിച്ചു.
എസ് എസ് എൽ സി ക്കും പ്ലസ്ടുവിനും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെയാണ് സർക്കാർ വിളിച്ച് വരുത്തി അഡ്മിഷൻ നൽകി ഭാവി തുലാസിലാക്കിയതെന്നും അടിയന്തിരമായി പ്രശ്ന പരിഹാരം ഉണ്ടാകാത്ത പക്ഷം കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.