തിരുവല്ല : അനധികൃതമായി പച്ചമണ്ണ് ഖനനം ചെയ്ത് കടത്താൻ ശ്രമിച്ച മൂന്ന് ടിപ്പറുകളും ഒരു മണ്ണ് മാന്തിയന്ത്രവും കീഴ്വായ്പൂർ പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടരയോടെ നൈറ്റ് പട്രോൾ സംഘമാണ് പിടിച്ചെടുത്തത്. കുന്നന്താനം പൂച്ചവാൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്നുമാണ് പാസ്സോ, അനുമതിയോ ഇല്ലാതെ പച്ചമണ്ണ് ഖനനം ചെയ്ത് കടത്താൻ ശ്രമിച്ചത്.
രഹസ്യവിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തുമ്പോൾ ടിപ്പർ ലോറികളിൽ മണ്ണ് നിറയ്ക്കുയായിരുന്നു. തുടർന്ന് എസ് ഐ പി പി മനോജ് കുമാറിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തു. കുന്നന്താനം പ്ലാത്താനത്ത് വീട്ടിൽ പ്രജോഷിന്റെ ഉടമസ്ഥതയിലുള്ള ജെ സി ബി ഉപയോഗിച്ച്, കുന്നന്താനം പുതുപ്പറമ്പിൽ വീട്ടിൽ ശ്രീനിവാസിന്റെ ടിപ്പറിലും സേതു ശ്രീനിയുടെ ടിപ്പറിലും തിരുവനന്തപുരം നേമം സ്വദേശി ഹരികൃഷ്ണന്റെ ഉടമസ്ഥതയിലുമുള്ള ടിപ്പറിലുമാണ് പച്ചമണ്ണ് കയറ്റിയതെന്ന് പരിശോധനയിൽ കണ്ടെത്തി.
കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നിർദ്ദേശപ്രകാരം എസ് ഐ പി പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.