ന്യൂഡൽഹി: ജിഎസ്‌ടിയിൽ പൊതുജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്ന പുതിയ ഇളവുകൾ ഉടൻ പ്രഖ്യാപിച്ചേക്കും. അടുത്ത 15 ദിവസത്തിനകം ജിഎസ്‌ടി കൗൺസിൽ യോഗം ചേരുമെന്നാണ് സൂചന.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപായി തന്നെ ജിഎസ്‌ടി ഇളവുകൾ പ്രഖ്യാപിക്കാനാണ് സാധ്യത.‘ജിഎസ്‌ടി 2.0’യുടെ ഭാഗമായി ദീപാവലി സമ്മാനമെന്നോണം ഒട്ടുമിക്ക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിഭാരം കുറച്ചതിന് പിന്നാലെയാണ് പുതിയ ഇളവുകൾ പരിഗണിക്കുന്നത്.
ഈ തവണ പ്രധാനമായും രണ്ട് ഉൽപന്നങ്ങൾക്കാണ് നികുതി കുറയ്ക്കാൻ സാധ്യതയുള്ളത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വായു നിലവാരം മോശമായ സാഹചര്യത്തിൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാട്ടർ പ്യൂരിഫയർ, എയർ പ്യൂരിഫയർ എന്നിവയുടെ ജിഎസ്‌ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനാണ് നീക്കം. ഇതോടെ ഇവയുടെ വില 10 മുതൽ 15 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തൽ.
അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന ചില കീടനാശിനികൾക്കും നിലവിലുള്ള 18 ശതമാനം ജിഎസ്‌ടി കുറയ്ക്കാൻ സാധ്യതയുണ്ട്. പൊതുജനാരോഗ്യവും ജീവൻ സുരക്ഷയും മുൻനിർത്തിയാണ് ഈ തീരുമാനം. ഡൽഹിയിലെ ഗുരുതരമായ വായു മലിനീകരണ സാഹചര്യത്തിൽ വാട്ടർ, എയർ പ്യൂരിഫയറുകളുടെ ജിഎസ്‌ടി കുറയ്ക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.






