പന്തളം : ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധനയിൽ 10 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളിയെ പിടികൂടി. ഇന്നലെരാത്രി 9.20 ന് പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നാണ് ഉത്തർപ്രദേശ് സ്വദേശിയെ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്.
കഞ്ചാവ് കൈവശം വച്ചതിന് പന്തളം പോലീസ് കേസെടുത്തു. ഉത്തർപ്രദേശ് ഗാസിപൂർ ജഗദീഷ് പൂർ ഉരഹ, രാമാശ്രയ് പാൻഡെ മകൻ വിക്രാന്ത് പാസ്വാൻ (29) ആണ് അറസ്റ്റിലായത്.പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ഓപ്പറേഷൻ ഡി ഹണ്ട് എന്ന് പേരിട്ടു ജില്ലയിൽ പോലീസ് നടത്തുന്ന റെയ്‌ഡിൽ നിരവധി പേരെ കഴിഞ്ഞദിവസങ്ങളിൽ കഞ്ചാവ് ഉപയോഗത്തിനു കസ്റ്റഡിയിലെടുക്കുകയും, കഞ്ചാവ് വിൽപ്പനയ്ക്ക് സൂക്ഷിച്ചതിന് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിഥിതൊഴിലാളികളുടെ താമസസ്ഥലങ്ങൾ, വിദ്യാഭ്യാസസ്ഥാപനപരിസരങ്ങൾ, പൊതുഇടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾക്കെതിരായ റെയ്‌ഡുകൾ തുടരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.