ഇടുക്കി : കാറപകടത്തിൽപ്പെട്ട ഭാര്യയെ ഉപേക്ഷിച്ച് അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഭർത്താവ് പിടിയിൽ. ആലടി സ്വദേശി സുരേഷിനെയാണ് ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തത് .ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.ശനിയാഴ്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്.
പോലീസ് പിടികൂടുമ്പോൾ സുരേഷ് മദ്യലഹരിയിലായിരുന്നു.കാറിടിക്കുന്നതിന് മുന്നേ ഇയാൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു .ഞായറാഴ്ച രാവിലെ നാട്ടുകാർ വിവരമറിഞ്ഞു പോലീസിനെ അറിയിക്കുകയും പൊലീസെത്തി കാറിൽ കുടുങ്ങിക്കിടന്ന നവീനയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു . ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിനു കാരണമെന്നാണ് സുരേഷ് പറയുന്നത് .എന്നാൽ കാർ മനഃപൂർവം അപകടത്തിൽപ്പെടുത്തി ഭാര്യയെ അപായപ്പെടുത്താനാണ് സുരേഷ് ശ്രമിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.