കോട്ടയം : പ്രകൃതിരമണീയ മലയോര ടൂറിസം കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെ നടക്കുന്ന അനധികൃത കയ്യേറ്റവും റിസോര്‍ട്ട് വല്‍ക്കരണവും വയനാട് ദുരന്തഭീതി ഉണര്‍ത്തുന്നതാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി ആരോപിച്ചു.
പൂഞ്ചിറയില്‍ റോഡ് വന്നശേഷമുളള മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കയ്യേറ്റവും ഉടന്‍ പരിശോധിക്കണം. സമഗ്ര അന്വേഷണം നടത്തി ഒഴിപ്പിക്കണം.
വാഗമണ്ണിന് സമാനമായി ഭൂമികയ്യേറി റിസോർട്ട് വല്‍ക്കരണം നടത്തുന്നവരുടെ വിദേശ ബന്ധങ്ങളും ഇടപാടുകളും അന്വേഷിക്കണം .
കോട്ടയം ജില്ലയിലെ മേലുകാവ് , ഇടുക്കിയിലെ കുടയത്തൂര്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭൂമി കയ്യേറ്റത്തിനും റിസോര്‍ട്ട് നിര്‍മ്മാണത്തിനുമുള്ള രേഖകള്‍ തയ്യാറാക്കുന്നത്. ആ പ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഇനിയും ഭൂരേഖ ലഭിക്കാത്തപ്പോഴാണ് കയ്യേറ്റക്കാര്‍ക്ക് നിഷ്പ്രയാസം അതു കിട്ടുന്നത്.കുടയത്തൂരില്‍ മരങ്ങള്‍ മുറിച്ചുമാറ്റി റിസോര്‍ട്ട് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കുത്തനെയുള്ള ചെരിവിലുള്ള നിര്‍മ്മാണങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്ന് ഇരിക്കെ ഇതിന് അനുമതി നല്‍കിയതും ദുരൂഹമാണ്.
ഇവിടം കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന ഭൂമി ഇടപാടുകളും,ഇതര അനുമതികളും വിശദമായി പരിശോധിക്കാൻ റവന്യൂ വകുപ്പ് മന്ത്രി തയ്യാറാകണമെന്നും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും എന്‍ ഹരി ആവശ്യപ്പെട്ടു