തിരുവല്ല : ഭിന്നശേഷിക്കാരെ എല്ലാ മേഖലകളിലും ഉൾപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയായി ഏറ്റെടുക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഐ എ എസ് അഭിപ്രായപ്പെട്ടു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്നേഹാർദ്രം ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ രണ്ടാം വാർഷികപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് വേണ്ടി ഇൻഷുറൻസ് അടക്കമുള്ള ധാരാളം പദ്ധതികളും പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നുണ്ടെന്നും എന്നാൽ നിർഭാഗ്യവശാൽ അത്തരം കുട്ടികളുടെ മാതാപിതാക്കളിൽപ്പോലും അതേക്കുറിച്ച് വേണ്ടത്ര അവബോധം വളർന്നിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
മാറ്റിനിർത്തപ്പെടാതെ ചേർത്തുപിടിക്കപ്പെടുമ്പോഴാണ് ഭിന്നശേഷിക്കാരായ കുട്ടികൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടുകയെന്നും അത്തരം പ്രവർത്തനങ്ങളിൽ ബിലീവേഴ്സ് ആശുപത്രി നടത്തുന്ന ബോധവത്കരണ – ചികിത്സാ – പിന്തുണാ പരിപാടികൾ മാതൃകാപരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും ശിശുരോഗ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് സ്നേഹാർദ്രം ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ രണ്ടാം വാർഷിക പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി മാനേജർ റവ ഫാ സിജോ പന്തപ്പള്ളിൽ അധ്യക്ഷനായി.
ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗവിഭാഗം മേധാവി ഡോ.ജിജോ ജോസഫ് ജോൺ , ഡവലപ്പ്മെന്റൽ പീഡിയാട്രീഷൻ ഡോ ആൽഫി സി തോമസ്, സീനിയർ കൺസൾട്ടന്റ് ഡോ എലിസബത്ത് വർക്കി ചെറിയാൻ, ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഡോ തോമയ് മാത്യു, സ്നേഹാർദ്രം ഇൻ ചാർജ് ഹന്ന നെൽസൺ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് അജിത്ത് എസ്, സ്പീച്ച്ലാംഗ്വേജ് പതോളജിസ്റ്റ് അമൃത കെ, എൻ ആർ സി – എൻസിഡി എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺസൺ ഇടയാന്മുള എന്നിവർ സംസാരിച്ചു.
സ്നേഹാർദ്രം സ്ഥാപകഅംഗങ്ങളായ ഡോ എലിസബത്ത് വർക്കി ചെറിയാനെയും ഡോ തോമസ് മാത്യുവിനെയും ചടങ്ങിൽ ആദരിച്ചു.