തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
കമ്മീഷൻ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ വയോജനങ്ങളെ സംരക്ഷിക്കുക എന്ന സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം ഉറപ്പാകുകയാണ്. സംസ്ഥാന വയോജന കമ്മീഷൻ സ്ഥാനമേൽക്കൽ ചടങ്ങ് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമൂഹത്തിൽ വയോജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണം. 2030 ആവുമ്പോഴേക്കും കേരളത്തിലെ മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കും.
വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ നൽകാനും വയോജനങ്ങളുടെ പുനരധിവാസത്തിന് സഹായങ്ങൾ ലഭ്യമാക്കാനുമാണ് കമ്മീഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അവഗണനയും ചൂഷണവും അനാഥത്വവുമടക്കമുള്ള വയോജനങ്ങളുടെ ജീവിതം സംബന്ധിച്ച് വരുന്ന ആശങ്കകൾ അഭിസംബോധന ചെയ്യാൻ കമ്മീഷനിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ വയോജന മേഖല നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. സമൂഹത്തിലെ മാറുന്ന സാഹചര്യത്തിൽ വയോജന കമ്മീഷന് വലിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുണ്ടെന്ന് ചടങ്ങിൽ മുഖ്യതിഥിയായ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു.
രാജ്യസഭാംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ സോമപ്രസാദ് ചെയർപേഴ്സൺ ആയ അഞ്ചംഗ കമ്മീഷനാണ് സ്ഥാനമേറ്റത്. അഡ്വ. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി.