തിരുവല്ല : പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഗ്രാമപ്പഞ്ചായത്തിൽ താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് നടപടികൾ ആരംഭിച്ചത്. താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ മനോജ് ഏബ്രഹാം എന്നിവരുടെ വളർത്തു താറാവുകളിൽ ചിലത് നാല് ദിവസങ്ങൾക്ക് മുമ്പ് ചത്ത് വീണതിനെ തുടർന്ന് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവയ്ക്കും എച്ച് അഞ്ച് – എൻ എട്ട് എന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. പക്ഷിപ്പനി ബാധ ഉള്ളതായി വ്യാഴാഴ്ച സ്ഥരീകരിച്ചത്. ഇവരുടെ ആറായിരത്തോളം താറാവുകളെയാണ് കൊന്നൊടുക്കുന്നത്.
പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച നിരണം ഡക്ക് ഫാമിലെ 4000 ത്തോളം താറാവുകളെ കഴിഞ്ഞ ദിവസം വിഷം നൽകി കൊന്ന ശേഷം ഗ്യാസ് ബർണർ ഉപയോഗിച്ച് കത്തിച്ചുകളയുകയായിരുന്നു. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിൽ താറാവുകളെ വിഷം നൽകി കൊന്ന ശേഷം കുഴിച്ചിടുന്ന രീതിയാണ് ഇന്ന് അവലംബിക്കുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്ത കോഴികൾ അടക്കമുള്ള പക്ഷികളെ കഴിഞ്ഞദിവസം കൊന്നിരുന്നു.