കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഏഴാം ദിനം പൂർത്തിയാക്കിയതോടെ മഹാ യാഗത്തിനുള്ള ചിതി ഉയർന്നു. നചികേത ചിതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ ആദ്യമായാണ്. സാധാരണ ഗരുഡന്റെ രൂപത്തിലുള്ള ചിതികളാണ് അതിരാത്രത്തിനായി കേരളത്തിൽ ഒരുക്കിയിട്ടുള്ളത്. പ്രവർഗ്യം യാഗത്തിന്റെ ശിരസ്സായി വിലയിരുത്തപ്പെടുമ്പോൾ ചിതി യാഗത്തിന്റെ കഴുത്തായി സങ്കൽപ്പിക്കുന്നു. കിഴക്കേ യാഗശാലയുടെ കിഴക്കു മധ്യഭാഗത്തായാണ് ചിതി. ഇവിടെയാണ് സോമയാഗത്തിന്റെ അവസാന പാദം നടക്കുക. ഹിമാലയത്തിൽ നിന്നുള്ള സോമമാണ് ചിതിയിൽ ഹോമിക്കുക.
സൂര്യോദയത്തിനു മുൻപ് തന്നെ യാഗ ക്രിയകൾ ആരംഭിച്ചു. വിവിധ തരത്തിലുള്ള ചെറു യാഗങ്ങൾക്കും ഹോമങ്ങൾക്കും പുറമെ പ്രവർഗ്യം രണ്ടാം ദിനവും തുടർന്നു. ഹവിസ്സുകൾ അർപ്പിക്കുമ്പോൾ വലിയ ഉയരങ്ങളിലേക്ക് അഗ്നി ജ്വലിച്ചു പൊങ്ങുന്ന ക്രിയയാണ് പ്രവർഗ്യം. 3 ദിവസങ്ങളിലാണ് പ്രവർഗ്യം നടക്കുക.
പ്രവർഗ്യം രാവിലെ 11 മുതൽ ആരംഭിച്ച് ഉച്ചക്ക് 1 നു പൂർത്തിയാകും. വൈകിട്ട് 5 നു വീണ്ടും ആരംഭിക്കും. 7. 30 നു ഇളകൊള്ളൂർ ഉമാമഹേശ്വര ബാലഗോകുലം ഗോകുല സന്ധ്യ അവതരിപ്പിച്ചു. പ്രവർഗ്യ ക്രിയ നാളെ പൂർത്തിയാകും. രാവിലെ 11 മണിക്ക് പ്രവർഗ്യോപസത്തും തുടർന്ന് സുബ്രഹ്മണ്യാഹ്വാനവും നടക്കും.
നാളെ അതി വിശിഷ്ടമായി കരുതപ്പെടുന്ന ഗോ പൂജ യാഗ വേദിയിൽ ഭക്തർക്ക് ചെയ്യാം. സോമപൂജകളിൽ വഴിപാടായി ഭക്തർക്ക് പങ്കെടുക്കാം.