തിരുവനന്തപുരം : കോവളത്ത് ടൂറിസം സീസണ്‍ ആരംഭിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പൂർത്തിയായിട്ടില്ല. നടപ്പാതകളടക്കം തകര്‍ന്ന് കിടക്കുകയാണ്. ചിലയിടത്ത് അടിസ്ഥാനം പൂര്‍ണമായി തകര്‍ന്നു. ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിലാണ് ഈ ഗുരുതര സ്ഥിതി. പാതക്ക് പൊക്കം കൂടുതലുള്ള സ്ഥലമാണിത്. വര്‍ഷകാല തിരയടിയിലാണ് നടപ്പാതയുടെ അടിസ്ഥാനം കടലെടുത്തത്.
കാലാകാലങ്ങളിലെ അറ്റകുറ്റപ്പണിയുടെ അഭാവമാണ് സ്ഥിതി രൂക്ഷമാകാന്‍ കാരണം. കൈവരികളും തകര്‍ന്ന നിലയാണ്. ലൈറ്റ് ഹൗസ് ബീച്ചില്‍ ഗാന്ധിപ്രതിമക്കു സമീപത്തെ നടപ്പാതക്കു മുകളിലെ സ്ലാബ് തകര്‍ന്നു ഇരുമ്പു കമ്പികള്‍ പുറത്തു കാണാവുന്ന നിലയാണ്. തുരുമ്പിച്ച അവസ്ഥയുള്ള ഇവ കാല്‍നടയാത്രികര്‍ക്ക് ഭീഷണിയാകുന്നു.
ആഴമേറിയ ഓടക്കുള്ളില്‍ അകപ്പെടുമെന്ന ഭീഷണിയുമുണ്ട്. രാത്രി വഴിവിളക്കില്ലാത്ത സ്ഥിതിയുള്ളത്. തീരത്തെ വെളിച്ചക്കുറവും സിസിടിവിയുടെ അറ്റകുറ്റപ്പണികളും ഈ സീസണിനു മുന്‍പ് പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും നടപ്പായില്ല.
അതേസമയം സീസണിന് തുടക്കം കുറിച്ച് വിദേശസംഘം എത്തിത്തുടങ്ങി. ക്രിസ്മസും പുതു വത്സരവുമൊക്കെയായി ഇനിയുള്ള ഏതാനും മാസം കോവളം സഞ്ചാരികളുടെ പറുദീസയായിരിക്കും. ആയുര്‍വേദ ചികിത്സ കൂടാതെ ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാനാണ് തീരത്ത് വിദേശികള്‍ കൂടുതലും എത്തുന്നത്.






