തിരുവല്ല : സമ്മതിദാനാവകാശവും സമരായുധമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് അമ്പത്തി മൂന്നാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം തിരുവല്ല അലക്സാണ്ടർ മാർത്തോമ സ്മാരക ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാധിനിത്യ ജനാധിപത്യത്തിന് വേണ്ടിയുള്ള മുറവിളിക്ക് ഭരണഘടനയോളം പഴക്കമുണ്ട്. നാടിൻ്റെ ചരിത്രം പരിശോധിച്ചാൽ രാജഭരണ കാലത്ത് തന്നെ തദ്ദേശിയരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും പ്രാധിനിത്യത്തിന് വേണ്ടിയുള്ള ഉജ്ജ്വലമായ പോരാട്ടം നടന്ന നാടാണ് കേരളമെന്ന് മനസിലാക്കാൻ കഴിയും. 1891 ലെ മലയാളി മെമ്മോറിയലും, 1896 ലെ ഈഴവ മെമ്മോറിയലും ചരിത്രത്തിൻ്റെ ഭാഗമാണ്.
ശ്രീചിത്തിര തിരുനാളിൻ്റെ കാലത്ത് നടപ്പിലാക്കിയ നിയമസഭ പരിഷ്കരണങ്ങളിലും മതിയായ പ്രാതിനിധ്യം കിട്ടാത്ത വിഭാഗങ്ങളുടെ നേതാക്കളായ സി.കേശവൻ, പി.കെ.കുഞ്ഞ്, എൻ.സി.ജോസഫ് എന്നിവർ നേതൃത്വം നൽകിയ സംയുക്ത രാഷ്ട്രീയകാര്യ സമിതിയാണ് നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. ജനസംഖ്യാനുപാതിക പ്രാധിനിത്യത്തിന് അടിസ്ഥാനമായ ജാതി സെൻസസിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനും സമാനതകളുണ്ട്.
ദളിത്, പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ പ്രമുഖമായ എഴുപതോളം സംഘടനകളുടെ സംയുക്ത വേദിയായ ആക്ഷൻ കൗൺസിലിൽ കെ.പി.എം.എസ് ന് പ്രധാന പങ്കാണ് ഉള്ളത്.
സംസ്ഥാനത്ത് ജാതി സെൻസസിന് വേണ്ടിയുള്ള സെക്രട്ടറിയേറ്റ് നടയിലെ രാപ്പകൽ സമരത്തെ തുടർന്ന് അനുകൂല നിലപാട് ഇല്ലാത്തതിനാൽ സമരം ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക നീതി പോരാട്ടത്തിൽ സമ്മതിദാനാവകാശവും സമരായുധമായി മാറും.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിൻ്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം കാണാനാകുമോ എന്ന ആശങ്കയിലാണ് രാജ്യം ഇന്നുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡൻ്റ് എൽ.രമേശൻ അധ്യക്ഷത വഹിച്ചു. പി.എ.അജയഘോഷ്, എൻ.ബിജു, അഡ്വ.എ.സനീഷ്കുമാർ, അഖിൽ.കെ.ദാമോരൻ, സി.കെ.ഉത്തമൻ, എ.പി.ലാൽകുമാർ, പി.എൻ.സുരൻ, പി.വി.ബാബു, റ്റി.ജി.ഗോപി, ഡോ.ആർ.വിജയകുമാർ, വി.ശ്രീധരൻ, എം.എസ്.സുനിൽകുമാർ, പി.ജെ.സുജാത, മാജിപ്രമോദ്, സാബുകൃഷ്ണൻ, എം.ടി.മോഹനൻ, സി.വി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.