തിരുവനന്തപുരം : അമിത വൈദ്യുതി ഉപയോഗം ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി. വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു .വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.എന്നാൽ മേയ് രണ്ടിന് ഉന്നതതല സമിതിയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.
പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് പവർ കട്ടിനു കാരണം. അമിത ലോഡ് കാരണം ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു. ഇതു കാരണം പലയിടത്തും 15 മിനിറ്റ് മുതൽ അര മണിക്കൂര്‍ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പാക്കേണ്ടിവരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. രാത്രിയിലെ അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ രംഗത്തെത്തിയിരുന്നു.