തിരുവന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിക്കുന്നു.
ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകുന്നതാണ്. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകുന്നു.
തകരാർ / അപകടം / മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ റീഫണ്ടുകൾ 2 ദിവത്തിനുള്ളതിൽ തന്നെ തിരികെ നൽകുന്നതാണ്.
റീഫണ്ട് നൽകുന്നതിന് ഉദ്യോഗസ്ഥരിൽ നിന്നും കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും പിഴയായി ടി തുക ഈടാക്കുന്നതാണ്.
രണ്ട് മണിക്കൂറിൽ അധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും.
സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാത്ത സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുന്നതാണ്.നിശ്ചിത പിക്കപ്പ് പോയിന്റിൽ നിന്ന് യാത്രക്കാരനെ ബസ്സിൽ കയറ്റിയില്ലെങ്കിൽ ഈ ക്ലൈമിന് കെഎസ്ആർടിസി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും യാത്രക്കാരന് തിരികെ നൽകും
ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസ്സ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്തത് എങ്കിൽ യാത്രാ നിരക്കിലെ വ്യത്യാസം തിരികെ നൽകും
യാത്രയ്ക്കിടെ ക്ലൈമിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാൽ യാത്രക്കാർക്ക് ഓൺലൈൻ മൊബൈൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ഇടിഎം ടിക്കറ്റ് വാങ്ങി യാത്രക്കാരൻ ഇതേ ബസ്സിൽ യാത്ര ചെയ്തിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇടിഎം ടിക്കറ്റിന്റെ പകർപ്പ് നിർബന്ധമാണ്.