പത്തനംതിട്ട : നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സംസ്ഥാന ഡിജിപിയ്ക്ക് പരാതി നൽകി. അമ്മുവിൻ്റെ മരണത്തിൽ ദുരുഹത ഉണ്ടെന്നും യഥാർഥ പ്രതികളെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
അതേ സമയം അമ്മു വിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാലയിലെ അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കുമെന്ന് സർവകലാശാല സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ.വി.വി. ഉണ്ണികൃഷ്ണൻ അറിയിച്ചു
അമ്മുവിൻ്റെ ചികിത്സാകാര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീഴ്ച സംഭവിച്ചതായി അമ്മുവിൻ്റെ സഹോദരൻ അഖിൽ സജീവ് പറഞ്ഞു. അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ തങ്ങൾ ആവശ്യപ്പെട്ടില്ല. ആരോ മന:പൂർവം പറഞ്ഞതാണ് ഇത്. അമ്മുവിൻ്റെ പുസ്തകത്തിൽ “ഐ ക്വിറ്റ്” എന്ന് എഴുതിയത് അമ്മു അല്ലെന്നും മറ്റാരോ ആണെന്നും സഹോദരൻ പറഞ്ഞു.
അമ്മുവിൻ്റെ ഫോണിലെ ഏതാനും നമ്പരുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും അഖിൽ പറഞ്ഞു. സഹപാഠികളായ ബാക്കി 6 പേരേ കൂടി ചോദ്യം ചെയ്യണമെന്നും സഹോദരിയുടെ മരണത്തിലെ ദുരൂഹത മാറ്റിത്തരണമെന്നും അഖിൽ ആവശ്യപ്പെട്ടു.