തിരുവല്ല: കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിന്റെയും നേതൃത്തിൽ തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യമേള ‘വടക്കിനി ‘ അഡ്വ. മാത്യു ടി. തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു വിപണനമേള ഉദ്ഘാടനവും ആദ്യ വില്പനയും നടത്തി. കലർപ്പില്ലാത്ത പുത്തൻ വിഭവങ്ങൾ പരിചയപ്പെടാനും രുചിച്ചറിയാനും ആദ്യദിനം തന്നെ നൂറുകണക്കിന് ആളുകളാണ് എത്തിയത്.
മായംകലരാത്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ്റെയും തിരുവല്ല നഗരസഭ പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്കുകളിൽ ഉൾപ്പെട്ട സി ഡി എസുകൾ എന്നിവർ സംയുക്തമായാണ് നബാർഡിന്റെ സഹായത്തോടെ ഭക്ഷ്യമേളയും ഉത്പന്നവിപണന മേളയും സംഘടിപ്പിച്ചിരിക്കുന്നത്.
ലൈവ് ഭക്ഷ്യ സ്റ്റാളുകളാണ് മുഖ്യ ആകർഷണം. 13 ലൈവ് ഭക്ഷണം സ്റ്റാളുകളും 17 വിപണന സ്റ്റാളുകളുമാണ് ഒരുക്കിയിരിക്കുന്നത്. ചെങ്ങന്നൂർ സരസ് മേളയിൽ താരങ്ങളായ വനസുന്ദരി ചിക്കൻ മുതൽ തലപ്പാക്കട്ടി ദം ബിരിയാണി വരെ, വിവിധ തരം പായസങ്ങൾ തുടങ്ങി 50ൽ പരം ഭക്ഷണങ്ങൾ ലൈവായി തയാറാക്കുന്നു.
മാർച്ച് ഒമ്പത് വരെ നടക്കുന്ന ഭക്ഷ്യമേളയിൽ പരിചയസമ്പന്നരായ സംരംഭകരുടെ ഭക്ഷ്യവിപണന സ്റ്റാളുകൾക്ക് പുറമേ കുടുംബശ്രീ ഉൽപന്ന വിപണന സ്റ്റാളുകളും സജ്ജമാണ്. പത്തനംതിട്ട, മലപ്പുറം,പാലക്കാട്, കാസർഗോഡ് ജില്ലകൾക്ക് പുറമേ തമിഴ്നാട്ടിൽ നിന്നുള്ള സംരംഭകരും മേളയിൽ പങ്കുചേരുന്നു.
ഭക്ഷ്യ മേളയോട് അനുബന്ധിച്ച് തിരുവല്ല വൈ. എം. സി. എ ജംഗ്ഷനിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്രയിൽ തിരുവല്ല നഗരസഭ, മല്ലപ്പള്ളി, പുളിക്കീഴ് എന്നീ ബ്ലോക്കുകളിലെ 14 സി ഡി എസുകളിൽ നിന്നുമായി 600ൽ ൽ അധികം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.
രാവിലെ 11 മുതൽ രാത്രി 11 വരെ നടക്കുന്ന മേളയിൽ സമ്മേളനങ്ങൾ, സെമിനാർ, കലാസന്ധ്യാ,കുക്കറി ഷോ, മ്യൂസിക്കൽ ഫ്യൂഷൻ ഷോകൾ തുടങ്ങിയവ ഉണ്ടാകും.