ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയിൽ 22ന് നടക്കുന്ന തദ്ദേശ അദാലത്തിലേക്ക് ഓൺലൈനായി ഇതുവരെ ലഭിച്ച അപേക്ഷകൾ എണ്ണൂറോളം. ജില്ലയിലെ അദാലത്ത് ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ രാവിലെ 8.30 നാണ് ആരംഭിക്കുക. മന്ത്രി പങ്കെടുക്കുന്ന അദാലത്ത് വേദിയിൽ ലഭിക്കുന്ന പരാതികൾ സ്വീകരിക്കാനും പരിഹാരം കാണാനുമുള്ള സംവിധാനം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കി വരികയാണ്.
ബിൽഡിങ് പെർമിറ്റുമായി ബന്ധപ്പെട്ട 130 പരാതികൾ ലഭിച്ചിട്ടുണ്ട്.പബ്ലിക് അമിനിറ്റീസ് എന്ന വിഭാഗത്തിലാണ് ഏറ്റവും അധികം പരാതികൾ ഓൺലൈനായി ലഭിച്ചിട്ടുള്ളത്. 483 പരാതികളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ പരാതികള്‍, വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് പരിഗണിക്കുക.