പത്തനംതിട്ട : കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടു നിരന്തരം ഭാര്യയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. 12 കാരനായ മകന്റെ ദേഹത്തേക്ക് ഡീസൽ പോലെയുള്ള ദ്രാവകമൊഴിച്ചതിനും യുവതിയെയും കുട്ടിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല പോലീസിന്റെ പിടിയിലായി. കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയിൽ വീട്ടിൽ വിനോദ് (44)ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ കൊച്ചാലുംമൂട് അഴയാനിക്കൽ ആര്യാ രാജനാണ് പരാതിക്കാരി.
ഇരുവരും 2010 മുതൽ ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞുവരികയാണ്. കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെതുടർന്ന് പിണങ്ങി മാറി മകനെയും കൂട്ടി ഇരവിപേരൂർ നെല്ലിമല അഴയനിക്കൽ വീട്ടിൽ താമസിച്ചുവരവേ, ഈവർഷം ഫെബ്രുവരി 17 ന് രാത്രി 9.30 ന് വീടിന് സിറ്റൗട്ടിൽ നിന്ന യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം, മകന്റെ ദേഹത്തും സിറ്റൗട്ടിലും ദ്രാവകം ഒഴിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെതുടർന്ന് കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പോലീസ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം തുടർന്ന് പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിമാക്കിയിരുന്നു. എസ് ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എറണാകുളം കാക്കനാട് കല്ലറപ്പടിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതിയുടെ നിരന്തര പീഡനം കാരണം മകനെയും കൂട്ടി കുടുംബവീട്ടിൽ പോയതിലുള്ള വിരോധത്താലാണ് ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തിയത്. അകന്നുകഴിഞ്ഞ കാലയളവിൽ യുവതിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് കൊല്ലമെന്ന് ഭീഷണിപ്പെടുത്തുകയും, അത്തരത്തിലുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്തുവന്നതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു ശേഷം കോടതിയിൽ ഹാജരാക്കി.