കോഴഞ്ചേരി : 130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ ഓലമേയല്‍ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ ആമുഖ പ്രസംഗം നടത്തി.
ഭാരവാഹികളായ പ്രൊഫ.എബ്രഹാം പി. മാത്യു(ലേഖക സെക്രട്ടറി), റവ.ജിജി വര്‍ഗീസ്(സഞ്ചാര സെക്രട്ടറി), ഡോ.എബി തോമസ് വാരിക്കാട്(ട്രഷറര്‍), പന്തല്‍ ഓലമേയല്‍ കണ്‍വീനര്‍മാരായ ശ്രീ. പി.പി. അച്ചന്‍കുഞ്ഞ്, ഇവാ. മാത്യു ജോണ്‍, മാനേജിഗ് കമ്മറ്റിയംഗങ്ങളായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്, ജോര്‍ജ്ജ് കെ. നൈനാന്‍, ജോസ് പി. വയയ്ക്കല്‍, സാം ജേക്കബ്, ഇവാ. എം.സി. ജോര്‍ജ്ജ്കുട്ടി, ഇവാ. സുബി പള്ളിക്കല്‍, റവ. തോമസ് കുര്യന്‍ അഞ്ചേരി, കോഴഞ്ചേരി, മാരാമണ്‍, ഇടവകകളിലെ വികാരിമാരായ റവ.ഏബ്രഹാം തോമസ്, റവ.ജിജി തോമസ്, സുവിശേഷകര്‍, സമീപ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു.
മാരാമണ്ണിന് ചുറ്റുപാടുമുള്ള 31 പള്ളികളുടെ ചുമതലയിലാണ് ഓലമേയല്‍ നിര്‍വഹിക്കുന്നത്. ഫെബ്രുവരി 5 ന് ഓലമേയല്‍ പൂര്‍ത്തിയാകും. ഈ വര്‍ഷം കുട്ടികളുടെ പന്തല്‍ മേയുന്ന ശുശ്രൂഷയും ഇടവകയുടെ പങ്കാളിത്തത്തിലാണെന്ന പ്രത്യേകതയുമുണ്ട്. അത്യാധുനികമായ സംവിധാനങ്ങളെ ഒഴിവാക്കി പമ്പാനദിയില്‍ രൂപപ്പെട്ട മണല്‍ പരപ്പില്‍ ഓലപ്പന്തല്‍ കെട്ടി തിരുവചനം കേള്‍ക്കാന്‍ കാത്തിരിക്കുന്ന ജനം, ലോകത്തില്‍ തന്നെ അത്യപൂര്‍വ്വമായ ഒരു കാഴ്ചയാണ്.
പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലിന്റെ നിര്‍മ്മാണമാണ് നടക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, പ്രസ് & മീഡിയ കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.