കോട്ടയം : ക്രിസ്തുശിഷ്യനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകമാണ് ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോപെരുന്നാൾ ദിനത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
പീഡകൾ സഹിച്ചാണ് മാർത്തോമ്മാ ശ്ലീഹായും, പരിശുദ്ധ പിതാക്കൻമാരും ഭാരതസഭയെ വളർത്തിയത്. ആ വിശ്വാസ സ്ഥിരതയിൽ വളരാൻ ഈ തലമുറയ്ക്കും വരും തലമുറകൾക്കും കഴിയണം. പാവപ്പെട്ടവരെയും, കഷ്ടത അനുഭവിക്കുന്നവരെയും കരുതുമ്പോഴാണ് മാർത്തോമ്മൻ സാക്ഷ്യത്തിന്റെ നേരവകാശികളായി നാം മാറുന്നതെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.
മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് സഭാധ്യക്ഷൻ മുഖ്യകാർമ്മികത്വം വഹിച്ചു. അരമന മാനേജർ യാക്കോബ് റമ്പാൻ, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.കെ.വൈ.ചാക്കോ എന്നിവർ സഹകാർമ്മികരായി. കുർബാനയ്ക്ക് ശേഷം മധ്യസ്ഥ പ്രാർത്ഥന, മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവ നടന്നു.