തിരുവല്ല : എംജി യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കുൾപ്പെടെ ആറുറാങ്കുകൾ കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും നവാഗതരെ സ്വീകരിക്കുന്നതിനും പായിപ്പാട് ബി എഡ് കോളേജ് ഒരുങ്ങുന്നു. ജൂലൈ 14 ന് രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ ചങ്ങനാശ്ശേരി എം എൽ എ ജോബ് മൈക്കിൾ ” അമൃതം ബോധനം മെറിറ്റ് ഡേ” ഉദ്ഘാടനം ചെയ്യും.
ഉന്നതവിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും മെമൻ്റോയും നൽകും. പായിപ്പാട് ഗവൺമെൻ്റ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് കോളേജ് എൻ എസ് എസ് വിഭാഗം നൽകുന്ന പഠനോപകരണ കിറ്റുകളുടെ വിതരണവും എം എൽ എ നിർവഹിക്കും.
ചടങ്ങിൽ സിപാസ് ഡയറക്ടർ ഹരികൃഷ്ണൻ പി നവാഗതർക്കുള്ള സ്വാഗതം “അമൃതം ബോധനം -വരവേൽപ്പ് ” ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത് കോളേജിൻ്റെ പുതിയ യുടൂബ് ചാനലിൻ്റെ ഉദ്ഘാടനം നിർവഹിക്കും.
പായിപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഡി മോഹനൻ എൻ എസ് എസ് സർട്ടിഫിക്കറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്യും.സി പാസിൻ്റെ ബി എഡ് കോളേജുകളുടെ കോ-ഓർഡിനേറ്റർ ശ്രീകുമാർ എസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
കോളേജ് പ്രിൻസിപ്പാൾ ഡോ രാജീവ് പുലിയൂരിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബ്ളോക്ക് പഞ്ചായത്ത് അംഗം വിനു ജോബ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗം ആനി രാജു, കോളേജ് വികസന സമിതിയംഗം ജോസഫ് തോമസ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും പി.ടി.എ യോഗവും ഉണ്ടാകും.






