ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശേഷം ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് സമർപ്പിച്ച മറുപടി തൃപ്തികരമല്ലെന്നും കൂടുതൽ വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിന് മുമ്പ് നൽകണമെന്നും കർശന നിർദ്ദേശം നൽകി കമ്മീഷൻ. സംസ്ഥാന ന്യൂന പക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് ചൊവ്വാഴ്ച ജില്ല പഞ്ചായത്ത് ഹാളിൽ നടത്തി സിറ്റിങ്ങിലാണ് നിർദ്ദേശം നൽകിയത്.
അമ്പലപ്പുഴ കരൂർ സ്വദേശിനിയാണ് മരിച്ചത്. ഇക്കാര്യത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ആരോഗ്യ വകുപ്പ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്രേറ്റ്, ജില്ല പോലീസ് മേധാവി, മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവർക്ക് നോട്ടീസ് നൽകുകയായിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ശരിയായ ഫോറമാറ്റിൽ പോലും നൽകിയിട്ടില്ലെന്നും ഇത് പരിഹരിച്ച് കൂടുതൽ വിശദമായ റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. ആകെ 11 കേസുകളാണ് ചൊവ്വാഴ്ച കമ്മീഷൻ പരിഗണിച്ചത്. ഇതിൽ രണ്ടു കേസുകൾ തീർപ്പാക്കി.