അയിരൂർ : ജില്ലാ കഥകളി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് ആരംഭിച്ച കഥകളി മേള മൂന്നാം ദിനം ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു.
കലയുടെ പാരമ്പര്യവും കഥകളിയുടെ പൈതൃകവും പുതുതലമുറയിലേക്ക് പകരുന്ന ശ്രമമാണ് പഠന കളരിയില്‍ നടക്കുന്നതെന്ന് ആന്‍റോ ആന്‍റണി എം. പി പറഞ്ഞു കേരളത്തിന്‍റെ ഭാവി ചരിത്രത്തില്‍ അയിരൂര്‍ കഥകളി ഗ്രാമം ഇടംപിടിക്കും. രണ്ടര കോടി രൂപയുടെ ഒരു പദ്ധതി കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എം. പി പറഞ്ഞു
ക്ലബ്ബ് രക്ഷാധികാരി ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉണ്ണി പ്ലാച്ചേരി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം സൂസന്‍ ഫിലിപ്പ്, വിക്ടര്‍ ടി തോമസ്, ജെറി മാത്യു സാം, പ്രീതാ ബി നായര്‍, അജയ് ഗോപിനാഥ്, ദിനില്‍ ദിവാകര്‍ എന്നിവര്‍ പ്രസംഗിച്ചു
തുടര്‍ന്ന് പഠന കളരിയില്‍ പൂതനാമോക്ഷം കഥകളി അരങ്ങേറി.പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ജന്മശതാബ്ദി സമര്‍പ്പണത്തില്‍ ക്ലബ്ബ് സെക്രട്ടറി വി. ആര്‍. വിമല്‍രാജ് അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് നടന്ന രാവണവിജയം കഥകളിയുടെ കഥാവിവരണം കെ. ഹരിശര്‍മ്മ ചെങ്ങന്നൂര്‍ നടത്തി. പി. എം. തോമസ് തോണിപ്പാറ പുത്തന്‍മഠം ആട്ടവിളക്ക് തെളിച്ചു.
കഥകളിയിലെ ഏറ്റവും പ്രൗഡിയുള്ള ആദ്യാവസാന പ്രതിനായക വേഷം നിറഞ്ഞാടിയ ദിവസമായിരുന്നു കഥകളിമേളയിലെ മൂന്നാം രാവ്. കഥകളിയിലെ പ്രതിനായക വേഷങ്ങള്‍ കത്തിവേഷം എന്നാണ് അറിയപ്പെടുന്നത്. പ്രതിനായകനായ രാവണന് പ്രാധാന്യമുള്ള കഥയാണ് രാവണ വിജയം.
തെക്കന്‍ ചിട്ട എന്നറിയപ്പെടുന്ന കപ്ലിങ്ങാടന്‍ ശൈലിയിലാണ് കഥകളിമേളയില്‍ രാവണനായി വേഷമിട്ട കലാമണ്ഡലം രവികുമാര്‍ അഭിനയിച്ചത്. ഈ ശൈലിയിലെ പ്രഗത്ഭ നടന്‍മാരായിരുന്ന ചെങ്ങന്നൂര്‍ രാമന്‍പിള്ളയുടെയും ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ളയുടെയും ഒക്കെ തുടര്‍ച്ചയാണ് രവികുമാറില്‍ കഥകളി ആസ്വാദകര്‍ ദര്‍ശിച്ചത്. രംഭാപ്രവേശത്തെ തുടര്‍ന്ന് കുബേരവിജയം, കൈലാസോദ്ധാരണം, ചന്ദ്രഹാസലബ്ധി എന്നീ ഭാഗങ്ങള്‍ ഇളകിയാട്ടത്തിലൂടെ അവതരിപ്പിച്ചത് ശ്രദ്ധേയമായി.