തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാതെ സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസ് പിടികൂടി. കഴക്കൂട്ടം ചന്തവിള യു.പി സ്കൂളിൽ നിന്ന് യാത്ര പുറപ്പെട്ട ബസാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നിയമങ്ങൾ കാറ്റിൽ പറത്തി അപകടകരമായ രീതിയിൽ ഫ്ലിക്കറിങ് ലൈറ്റുകൾ ഘടിപ്പിച്ചും അനധികൃതമായ മാറ്റങ്ങൾ വരുത്തിയും സർവീസ് നടത്തിയ വാഹനത്തിന് 2,56,000 രൂപ പിഴ ചുമത്തി. കൂടാതെ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു.
യാത്രയെക്കുറിച്ച് മുൻകൂട്ടി വിവരം അറിയിക്കാത്തതിനെ തുടർന്ന് സ്‌കൂൾ അധികൃതരോട് വകുപ്പ് വിശദീകരണം തേടി. മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ വിനോദയാത്രകൾ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയും നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെയും വരും ദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് കഴക്കൂട്ടം ജോയിൻ്റ് ആർടിഒ ഡി. വേണുകുമാർ അറിയിച്ചു.






