ചെങ്ങന്നൂർ : അരീക്കര പറയരുകാലാ ദേവീ ക്ഷേത്രത്തിൽ നവ ചണ്ഡികാ ഹോമം നവം 30, ഡിസം 1 തീയതികളിൽ നടക്കും. കൊല്ലൂർ മൂകാംബിക ക്ഷേത്ര മുഖ്യ പുരോഹിതൻ ഡോ മൂർത്തി കാളിദാസ ഭട്ടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ നേതൃത്വത്തിൽ മൂകാംബികാ ക്ഷേത്രത്തിലെ പുരോഹിതൻമാരാണ് ഹോമം നടത്തുന്നത്.
യജ്ഞ ശാലയിൽ സ്ഥാപിക്കാനുള്ള ധ്വജം 26 ന് രാവിലെ 11 ന് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നും ഏറ്റുവാങ്ങി വിവിധ ക്ഷേത്രങ്ങളിലൂടെ വൈകിട്ട് പറയരുകാലാ ദേവീ ക്ഷേത്രത്തിൽ എത്തിക്കും.
ഹോമ വേദിയിൽ തെളിയ്ക്കാനുള്ള ഭദ്ര ദീപം 27 ന് മലയാലപ്പുഴ ദേവീ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 ന് ഏറ്റുവാങ്ങി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് അരീക്കര പറയരുകാലാ ദേവീ ക്ഷേത്രത്തിൽ എത്തിച്ചേരും.
നവം: 29 ന് വൈകിട്ട് 7 ന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ അധ്യക്ഷതയിൽ യജ്ഞ സമ്മേളനം നടക്കും. ശിവഗിരി മഠം സന്യാസി സ്വാമി ശിവ സ്വരൂപാനന്ദ ഉത്ഘാടനം ചെയ്യും. തുടർന്ന് വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാരെയും ജ്യോത്സ്യൻമാരെയും , കോടുകുളഞ്ഞി വിശ്വഗാജിമഠാധിപതി സ്വാമി ശിവ ബോധാനന്ദ ആദരിക്കും. സമ്മേളനത്തിൽ പറയരുകാലാ ശ്രീ ജ്ഞാനാംബികാ പുരസ്കാരങ്ങൾ പി.വി മിനി വിതരണം ചെയ്യും.
ദേവസ്വം പ്രസിഡൻ്റ് പി. സുജിത് ബാബു സ്വാഗതവും ജനറൽ കൺവീനർ വിനോദ് കാവേരി നന്ദിയും പറയും.
30 ന് രാവിലെ 9 ന് ആചാര്യവരണം, 9.30 ന് ഭദ്രദീപ പ്രകാശനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ നിർവ്വഹിക്കും. ഡിസംബർ 1 ന് രാവിലെ 8 മുതൽ നവ ചണ്ഡികാ ഹോമം നടക്കും.