ആലപ്പുഴ : കേരളത്തിൽ ആദ്യമായിട്ടാണ് കൃഷിനാശത്തിന്റെ ഭാഗമായി കർഷകർ പ്രതിസന്ധിയിലായപ്പോൾ കൃഷിവകുപ്പ് നേരിട്ട് നെല്ല് സംഭരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിലെ നെല്ല് , ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ചതിന്റെ വില വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി പി പ്രസാദ്. കൃഷി നാശം സംഭവിച്ച എട്ടു പാടശേഖരങ്ങളിൽ നിന്നും 335 കർഷകരുടെ 4,77,542 കിലോ നെല്ല് സംഭരിച്ചതിന്റെ വിലയായി 1.1729624 കോടി രൂപ ലഭിച്ചു.
കഴിഞ്ഞ സീസണിൽ ജില്ലയിലെ നിരവധി പാടശേഖരങ്ങളിൽ പുഞ്ച കൃഷിയുടെ സമയത്ത് ഉഷ്ണ തരംഗം ഉണ്ടാകുകയും ഉപ്പ് വെള്ളം കയറുകയും ചെയ്തതോടെ വലിയ കൃഷി നാശമാണ് ഉണ്ടായത്. ഉള്ള നെല്ല് അളെന്നെടുക്കാതെ മില്ലുകാർ വലിയ രീതിൽ വില പേശൽ നടത്തി.കർഷകർക്ക് ഉണ്ടായ നഷ്ടത്തിന്റെ തോത് നോക്കുമ്പോൾ ഇൻഷുറൻസ് തുക മാത്രം ലഭിച്ചാൽ പോരാതെ വരും.
കൃഷി നാശം വന്നതിനുശേഷം ബാക്കിയുള്ള നെല്ല് മില്ലുകരുടെ ദയാ ദാക്ഷണ്യത്തിന് വിട്ടുകൊടുക്കാതെ നേരിട്ട് ഏറ്റെടുക്കുന്നതിനെ കുറിച്ച് കൃഷി വകുപ്പ് ചിന്തിച്ചു. ക്യാബിനറ്റിൽ ഇത് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ എല്ലാവിധ പിന്തുണയും ലഭിച്ചു. ധനകാര്യ വകുപ്പ് മന്ത്രിയുമായി പ്രത്യേക യോഗം ചേർന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓയിൽ പാം ഇത് ഏറ്റെടുക്കുകയായിരുന്നെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
കഞ്ഞിപ്പാടം കുറ്റുവേലിൽ ക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങിന് എച്ച് സലാം എം എൽ എ അധ്യക്ഷത വഹിച്ചു.ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.






