ആലപ്പുഴ: നെല്ലിന്റ ഗുണനിലവാരം കുറച്ചുകാട്ടി മില്ല് പ്രതിനിധികളും ഇടനിലക്കാരും കർഷകരെ ചൂഷണം ചെയ്യുന്നത് തടയണമെന്നും വേനൽ മഴ കനക്കുംമുമ്പ് വേഗത്തിൽ നെല്ല് സംഭരിക്കുകയും സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുകയും വേണമെന്നും ജില്ല വിജിലൻസ് കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു.
ഭക്ഷ്യ ഭദ്രത നിയമ പ്രകാരം അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ അർഹരായ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ. സി. എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ക്‌ളക്ട്രറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ വിജിലൻസ് കമ്മിറ്റി കൂടി . ജില്ലയിൽ വിജിലൻസ് റെയിഡിൽ ആറ് മാസത്തിൽ 3054 പരിശോധനകൾ നടത്തിയെന്നും ഫുഡ് സേഫ്റ്റി ഓഫീസർ സുബിമോൾ അറിയിച്ചു.
അളവ് തൂക്കത്തിൽ 1185 പരിശോധനകൾ നടത്തി 30,47,000/ രൂപ പിഴയിനത്തിൽ ഈടാക്കിയെന്ന് ലീഗൽ മെട്രോളജി ഓഫീസർ ഷൈനി വാസവൻ പറഞ്ഞു. അംഗൻവാടികൾ മുഖേന വിതരണം ചെയ്യുന്ന അമൃതം നൂട്രി മിക്‌സ് പൊടിയുടെ ഗുണനിലവാരം കൃത്യമായി പരിശോധനകൾ നടത്തി ഉറപ്പുവരുത്താറുണ്ടെന്നും ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ മായാ ലക്ഷ്മി യോഗത്തിൽ വിശദീകരിച്ചു .
നെല്ല് സംഭരണ വിഷയങ്ങളിൽ ഗൗരവമായി ഇടപെടുന്നതിന് സപ്ലൈ കോ ആലപ്പുഴ ജില്ലാ ഡിപ്പോ പ്രതിനിധിയെ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ചുമതലപ്പെടുത്തി.
കുട്ടനാട്ടിൽ കൊയ്ത നെല്ല് സംഭരിക്കുന്നതിലുള്ള അപാകത പരിഹരിക്കുവാൻ അടിയന്തിര നടപടിവേണം എന്ന് കമ്മറ്റിയിൽ വിജിലൻസ് കമ്മറ്റിയംഗം ജെയ്സപ്പൻ മത്തായി ആവശ്യപ്പെട്ടു.