തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഇന്ന് വൈകിട്ട് ശംഖുംമുഖം കടവിൽ നടക്കുന്നതോടെ ഉത്സവം സമാപിക്കും. ശനി രാവിലെയാണ് ആറാട്ട് കലശം. പടിഞ്ഞാറെ നടയിലെ സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേട്ടക്കളത്തിലാണ് പള്ളിവേട്ട നടന്നത്.
റവന്യുവകുപ്പ് വേട്ടക്കളം തയ്യാറാക്കി. എഴുന്നള്ളത്തിനുശേഷം വേട്ടക്കളത്തിൽ പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്‌താണ് വേട്ട നടത്തിയത്. എഴുന്നള്ളത്തിന് ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, വേലപ്പൻനായർ, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ്, മാനേജർ ബി ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ഗൗരി പാർവതീഭായി, ഗൗരി ലക്ഷ്മിഭായി തുടങ്ങിയവർ പങ്കെടുത്തു.വെള്ളി വൈകിട്ട് അഞ്ചിന് ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെ നടയിൽ നിന്ന് ആരംഭിക്കും. വിമാനത്താവളം റൺവേയിലൂടെയാണ് എഴുന്നള്ളത്ത് ശംഖുംമുഖത്തേക്ക് പോകുക.
ശംഖുംമുഖം ആറാട്ട് മണ്ഡപത്തിലെ പൂജകൾക്കുശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിക്കും. രാത്രിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തും. തുടർന്ന് കൊടിയിറക്കും.