ആറന്മുള: ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ച നീർവിളാകം – കുറിച്ചിമുട്ടം റോഡിന്റെ വശങ്ങൾ താഴ്ന്ന് കിടക്കുന്നത് മൂലം അപകടങ്ങൾ വർധിക്കുന്നു. റോഡ് നവീകരിച്ചതോടെ നിലവിലെ പ്രതലം ഒരടിയോളം ഉയർന്നതാണ് ഇപ്പോൾ വിനയായിരിക്കുന്നത്. പുനർ നിർമ്മാണം കഴിഞ്ഞു ഒരു മാസം ആയെങ്കിലും വശങ്ങളിൽ മണ്ണിട്ട് റോഡ് നിരപ്പിലേക്ക് ഉയർത്തിയിട്ടില്ല. വഴിയുടെ വശങ്ങളിലേക്ക് വാഹനങ്ങൾ ഇറക്കാനാവാതെ പരസ്പരം കൂട്ടിമുട്ടി കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നാല് അപകടങ്ങളാണ് ഇവിടെ നടന്നത്.
റോഡ് നന്നായതോടെ അമിത വേഗത്തിലാണ് ഇപ്പോൾ ഇതുവഴി വാഹനങ്ങൾ പോകുന്നത്. എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനായി ചെറിയ വണ്ടികൾ ഒതുക്കുമ്പോൾ ഒരടിയോളം താഴ്ന്ന വശങ്ങളിലേക്ക് ടയറുകൾ ഇറങ്ങുകയും പിന്നീട് റോഡിലേക്ക് കയറ്റാൻ ഏറെ പ്രയാസപ്പെടുകയും ആണ്. റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും കഴിയുന്നില്ല. നീർവിളാകം ധർമ്മശാസ്താ ക്ഷേത്രം, വിനോദ സഞ്ചാര ഇടമായ ബാംഗ്ലൂർ റോഡ് എന്നിവിടങ്ങളിൽ ഇത് മൂലം റോഡിൽ ആണ് ആളുകൾ വണ്ടി ഇടുന്നത്. ഇത് ഗതാഗത തടസ്സത്തിനും കാരണമാകുന്നു.
നിർമ്മാണ കരാറിനൊപ്പം വശങ്ങളിൽ മണ്ണിട്ട് ഉയർത്തേണ്ട ജോലിയും ഉണ്ടെങ്കിലും ഈ പ്രവൃത്തി നീളുകയാണ്. കുറിച്ചിമുട്ടം കാണിക്കവഞ്ചി മുതൽ നീർവിളാകം കുന്നേൽ പടി വരെയുള്ള ഭാഗത്താണ് വശങ്ങളിൽ മണ്ണിട്ട് ഉയർത്താനുള്ളത്.വീടുകളിൽ നിന്ന് ഇരുചക്ര വാഹനങ്ങളും കാറും റോഡിലേക്ക് ഇറക്കാനും ബുദ്ധിമുട്ടുണ്ട്. അവശേഷിക്കുന്ന പണികൾ കൂടി വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.