ശബരിമല : രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലെത്തി അയ്യപ്പ ദർശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തിയ രാഷ്ട്രപതി പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് കെട്ടു നിറച്ചത്. രാഷ്‌ട്രപതിക്കൊപ്പം രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായർ, പിഎസ്ഒ വിനയ് മാത്തൂർ എന്നിവരും പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്നും കെട്ടുനിറച്ചു പതിനെട്ടാം പടി ചവിട്ടി.
പമ്പയിൽ നിന്ന് പ്രത്യേക വാഹനത്തിൽ 15 മിനിറ്റ് കൊണ്ട് രാഷ്ട്രപതി ശബരിമലയിൽ എത്തി. പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിൽ എത്തിയ രാഷ്ട്രപതിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു.
അയ്യപ്പനെയും ഉപദേവതകളെയും തൊഴുത രാഷ്ട്രപതി മാളികപ്പുറവും വാവരുസ്വാമി നടയും സന്ദർശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉപഹാരം മന്ത്രി വി എൻ വാസവൻ രാഷ്ട്രപതിക്ക് സമ്മാനിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാർ, പി ഡി സന്തോഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.ദർശനത്തിനു ശേഷം രാഷ്ട്രപതി ദേവസ്വം ഗസ്റ്റ് ഹൗസിൽ 3 വരെ വിശ്രമിക്കും.