തിരുവല്ല: പെരിങ്ങര പ്രോഗ്രസ്സീവ് പൗര സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടധർണ സംഘടിപ്പിച്ചു. കാരക്കൽ – കൃഷ്ണപാദം – വെട്ടത്തിൽ പടി പൊതുമരാമത്ത് റോഡ് 3 അടി ഉയർത്തി ടാർ ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കി സഞ്ചരയോഗ്യമാക്കണമെന്നും, പഞ്ചായത്തിലെ സ്വാമിപാലം – കൂട്ടുമ്മേൽ റോഡിന്റെ കാവടിയിൽ പടിവരെ ടാർ ചെയ്യണമെന്നും, കാരക്കൽ കാകാൻപടി മുതൽ സെന്റ് ജോർജ് കുരുശടി വരെയുള്ള വെള്ളക്കെട്ട് ഒഴുക്കണമെന്നും ആവശ്യപ്പെട്ടു.
പെരിങ്ങര വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണ പ്രോഗ്രസ്സീവ് പൗരസമിതി പ്രസിഡന്റ് ശ്രീകുമാർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ഡോ കെ എം മത്തായി അധ്യക്ഷത വഹിച്ചു. റിട്ട. ക്യാപ്റ്റൻ പി എം ചെറിയാൻ, എബ്രഹാം എം ജി, രാധ വിജയൻ, അമ്മിണി കാഞ്ചിക്കാവിൽ, ലീലാമ്മ പീറ്റർ, ബിന്ദു ബിജു, ജേക്കബ് തോമസ് എന്നിവർ പ്രസംഗിച്ചു.