തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്നു നടക്കും. വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്.
എസ്‌ഐആറില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സര്‍വകക്ഷി യോഗത്തിന് ശേഷമാകാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ബിജെപി- എന്‍ഡിഎ കക്ഷികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്‌ഐആറിനെതിരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ എസ്‌ഐആര്‍ നടപ്പിലാക്കാനുള്ള തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുഃപരിശോധിക്കണമെന്നാണ് സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.
കേരളത്തില്‍ ഇന്നലെ മുതല്‍ എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശനം തുടങ്ങിയിട്ടുണ്ട്. പട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമായത്. വോട്ടർ പട്ടികയില്‍ പേരു ഉറപ്പിച്ചശേഷം ഫോമുകള്‍ കൈമാറും. നടപടികള്‍ ഒരുമാസത്തോളം നീളും.
പോർട്ടലില്‍ പേരുള്ള വിവിഐപിമാരുടെ വീടുകളില്‍ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. ഡിസംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കുക.






