പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം കൊടുമൺ പ്ലാന്റേഷൻ ഭൂമിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത്. ബി.ജെ.പി സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരൻ, അനൂപ് ആന്റണി എന്നിവർ തയ്യാറാക്കിയ പഠനറിപ്പോർട്ടും നിവേദനവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു റാം മോഹൻ നായിഡുവിന് കൈമാറി.
ഇതോടെ കൊടുമണ്ണിൽ വിമാനത്താവളം വേണമെന്ന ദീർഘകാല ആവശ്യത്തിന് ശക്തമായ കേന്ദ്ര പിന്തുണ ലഭിച്ചിരിക്കുകയാണ്.എരുമേലിയിൽ നിർദ്ദേശിക്കപ്പെട്ടിരുന്ന എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച നിയമതർക്കങ്ങളും ഭൂവുടമസ്ഥതാ തടസ്സങ്ങളും കാരണം പദ്ധതി അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിലാണ് സർക്കാരിന്റെ അധീനതയിലുള്ള കൊടുമൺ എസ്റ്റേറ്റ് ഭൂമിയിലേക്ക് ശ്രദ്ധ തിരിയുന്നത്. വിമാനത്താവളത്തിനായി പ്രവാസി സംഘടനകളും പ്രാദേശിക ആക്ഷൻ കമ്മിറ്റികളും നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയിരുന്നു.
അടൂർ താലൂക്കിലെ കൊടുമൺ, അങ്ങാടിക്കൽ, കലഞ്ഞൂർ, ഏനാദിമംഗലം വില്ലേജുകളിലായി പ്ലാന്റേഷൻ കോർപ്പറേഷന്റെ 3000 ഹെക്ടറോളം ഭൂമിയാണുള്ളത്. പദ്ധതിക്ക് കുറഞ്ഞത് 1200 ഹെക്ടർ ഭൂമി ആവശ്യമാണ്. മുൻപ് റബർ, കശുഅണ്ടി, എണ്ണപ്പന കൃഷികൾ നടന്നിരുന്ന ഈ എസ്റ്റേറ്റ് നിലവിൽ നഷ്ടത്തിലായതിനാൽ തൊഴിലാളികളുടെ എണ്ണം 1500-ൽ നിന്ന് 500-ൽ താഴെയായി ചുരുങ്ങിയിട്ടുണ്ട്. പൂർണ്ണമായും സർക്കാർ/പൊതുഭൂമിയായതിനാൽ ഇവിടെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്നതാണ് ഏറ്റവും വലിയ അനുകൂല ഘടകം.
പരിസ്ഥിതി നാശമോ, തടസ്സങ്ങളാകുന്ന ജലസ്രോതസ്സുകളോ, വനഭൂമിയോ പദ്ധതി പ്രദേശത്തില്ല..കെ.പി റോഡ്, എം.സി റോഡ്, പുനലൂർ-മൂവാറ്റുപുഴ റോഡ്, പത്തനംതിട്ട-മാവേലിക്കര റോഡുകൾ തൊട്ടടുത്താണ്. 40 കിലോമീറ്ററിനുള്ളിൽ നാല് റെയിൽവേ സ്റ്റേഷനുകളുമുണ്ട്.
ശബരിമല തീർത്ഥാടകർക്ക് പുറമെ മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകളിലെത്തുന്നവർക്കും വിമാനത്താവളം പ്രയോജനപ്പെടും. ഗവി, കോന്നി ആനത്താവളം, പെരുന്തേനരുവി, മണിയാർ ടൂറിസം കേന്ദ്രങ്ങൾ വളരെ സമീപത്താണ്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വൻ പ്രവാസി സമൂഹത്തിന് ഇത് ഏറെ ഉപകാരപ്പെടും.
ഷിർദ്ദിയിലും തിരുപ്പതിയിലും കേന്ദ്രസർക്കാർ ആവിഷ്കരിച്ച മാതൃകയിൽ ലോകോത്തര യാത്രാസൗകര്യം ശബരിമല തീർത്ഥാടകർക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി വ്യക്തമാക്കി. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഗ്രീൻഫീൽഡ് എയർപോർട്ട് നയത്തിന് കീഴിൽ സ്ഥലം സന്ദർശിച്ച് സാങ്കേതിക സാധ്യതാ പഠനം നടത്തണമെന്നാണ് കേന്ദ്രത്തോടുള്ള പ്രധാന ആവശ്യമെന്ന് വിമാനത്താവള ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു





