ശബരിമല : നിർദിഷ്ഠ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് 3500 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും 326 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു.
തൃക്കാക്കര ഭാരത മാതാ കോളജ് തയ്യാറാക്കിയ കരട്റിപ്പോർട്ടിലാണ് ഇത് പറയുന്നത്. പദ്ധതിയ്ക്ക് വേണ്ടി 17736 റബർ മരങ്ങളും 5155 കാപ്പി, 2392 തേക്ക് മരങ്ങൾ, 1943 ആഞ്ഞിലി മരങ്ങളും മുറിച്ചു നീക്കണം. പദ്ധതി പ്രദേശത്തെ കുടുംബങ്ങൾക്കു വേണ്ടിയുള്ള ഹിയറിംഗ് ഈ മാസം 29 നും 30 നും എരുമേലി അസംപ്ഷൻ ഹാളിൽ നടക്കും.
വിമാനത്താവളം വികസന പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നും അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിലുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നു. പദ്ധതി പ്രദേശത്ത് താമസിക്കുന്നവരെ വിമാനത്താവള നിർമാണത്തിനും തുടർന്നുള്ള ജോലിയ്ക്കും പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മണിമലയാറ്റിലേക്ക് എത്തുന്ന നീരുറവകളും കൈത്തോടുകളും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം പരിഹരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.