കോട്ടയം : ശബരിമല സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ചലച്ചിത്രരംഗത്തും വലിയ സ്വാധീനം. പെരുന്ന സ്വദേശിയായ മുരാരി ബാബു ചെന്നൈയിലെ പല ചലച്ചിത്ര അഭിനേതാക്കളുടെ വീടുകളിലും സ്ഥിരം സന്ദർശകനാണ്. ചങ്ങനാശ്ശേരി സ്വദേശിയായ പ്രമുഖ നടൻ്റെ പത്നിയും അഭിനേത്രിയുമായ ചലച്ചിത്ര താരവുമായി വിദ്യാഭ്യാസകാലത്തുള്ള ബന്ധമാണുള്ളത്. നടിയുടെ എൻ എസ് എസ് കോളജ് സഹപാഠിയാണ് ബാബു.
ഉണ്ണികൃഷ്ണൻ പോറ്റിയാണ് ശബരിമലയിലെ ഈ അമൂല്യ വസ്തുക്കൾ നടന്റെ ചെന്നൈയിലെ വസതിയിൽ എത്തിച്ചു പൂജ നടത്തിയത്. എന്നാൽ അതിലേക്ക് നയിച്ചത് മുരാരി ബാബുവിനെ ഈ കുടുംബം ആയുള്ള ബന്ധമാണെന്നാണ് സൂചനകൾ.
ചങ്ങനാശ്ശേരി എൻഎസ്എസ് നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധമാണ് ബാബുവിനുള്ളത്. അയ്യപ്പ സംഗമത്തിന് പിന്നിൽ എൻഎസ്എസിന്റെ പിന്തുണ ഉറപ്പാക്കിയതിൽ വരെ താലൂക്ക് യൂണിയൻ അധ്യക്ഷനായ മുരാരി ബാബുവിന്റെ കരങ്ങൾ ഉണ്ടെന്നാണ് നിഗമനം. ചുമതല വഹിച്ച ക്ഷേത്രങ്ങളിലെല്ലാം ക്രമക്കേടുകൾക്ക് നേതൃത്വം നൽകിയ പാരമ്പര്യമാണ് മുരാരി ബാബുവിനുള്ളത്.
നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും ബാബുവിനെ സമുദായ സംഘടനയുടെ ഉത്തരവാദിത്വത്തിൽ നിന്നും വിവാദങ്ങളുടെ തുടക്കത്തിൽ മാറ്റാൻ എൻഎസ്എസ് നേതൃത്വം തയ്യാറായില്ല. തുടർന്ന് കോടതി ഇടപെട്ട് നടക്കുന്ന അന്വേഷണത്തിൽ പിടിയിൽ ആകുമെന്ന ഘട്ടത്തിൽ മാത്രമാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാജി വാങ്ങിയത്. സമുദായ പിന്തുണ ഉണ്ടായിരുന്ന ബാബു വളരെ പെട്ടെന്നാണ് ഉയർന്ന പദവിയിൽ എത്തിയത്.