ശബരിമല : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം മുൻ സെക്രട്ടറിയേയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ചിലരെ അറസ്റ്റ് ചെയ്യാനും സാധ്യത. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, തിരുവാഭരണം മുൻ കമ്മിഷണർ കെ. എസ്. ബൈജു, അസി. എൻജിനീയർ കെ. സുനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ, തിരുവാഭരണം മുൻ കമ്മിഷണർ ആർ.ജി. രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ വി.എസ്. രാജേന്ദ്രപ്രസാദ്, കെ. രാജേന്ദ്രൻ നായർ എന്നിവരെയാണ് എസ് ഐ ടി ചോദ്യം ചെയ്യുക.
2019 ൽ ദേവസ്വം ബോർഡ് തീരുമാനം മറികടന്ന് ദ്വാരപാലക ശിൽപ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക് കൈമാറിയ നടപടികളും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുന്നതിനാണ് ഇത്രയും പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
സ്വർണ തട്ടിപ്പ് കേസിൽ റിമാൻഡിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ വ്യാപാരിയായ ഗോവർധനിൽ നിന്ന് 2019 ൽ 15 ലക്ഷം രൂപ കൈപ്പറ്റിയ സംഭവവും അന്വേഷണത്തിലാണ്. ശബരിമല സ്വർണാപഹരണ കേസിൻ്റെ ഇടക്കാല റിപ്പോർട്ട് ബുധനാഴ്ച എസ് ഐ ടി കോടതിക്ക് കൈമാറും.






