പന്തളം : ശബരിമല മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായിട്ടുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഇന്ന് പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക.
ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും. 26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും.
ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും. 21ന് പെരുനാട് അയ്യപ്പ ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തി ദര്‍ശനം ഉച്ചക്ക് 1.30ക്ക് ആരംഭിച്ച് രാത്രി 2 മണി വരെ ഉണ്ടാകും. 22 ന് ആറന്മുള കൊട്ടാരത്തില്‍ തിരുവാഭരണ ദര്‍ശനം ഉണ്ടാകും. 23 ന് രാവിലെ 8 മണിയോടുകൂടി പന്തളത്ത് എത്തുന്ന ഘോഷയാത്രാ സംഘത്തിന് ഗംഭീര സ്വീകരണം ഉണ്ടായിരിക്കും. പന്തളത്ത് എത്തുന്ന തിരുവാഭരണം നേരെ കൊട്ടാരം സ്‌ട്രോങ് റൂമിലേക്ക് മാറ്റും. ഇവിടെ ദര്‍ശനം ഉണ്ടാകില്ല.






