പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം ഒരുക്കിയ ചാറ്റ്‌ബോട്ടിലേക്കെത്താനുള്ള ‘വഴി’ ഒരുങ്ങി. ക്യു. ആര്‍. കോഡ് വഴിയാണ് സ്വാമി ചാറ്റ്‌ബോട്ടിലെ വിവരങ്ങളിലേക്കുള്ള ‘പ്രവേശനവാതില്‍’ തുറക്കുന്നത്.
ജില്ലാതല അടിയന്തരഘട്ട പ്രതികരണവിഭാഗത്തിലേക്കും സന്ദേശം ലഭിക്കുംവിധമാണ് സംവിധാനം. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കോഡ് പതിപ്പിച്ച് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പ്രചാരണം ഉദ്ഘാടനം ചെയ്തു. ആറു ഭാഷകളില്‍ സമഗ്രവിവരങ്ങള്‍ ലഭ്യമാകുന്ന ആധുനിക സംവിധാനം പുതിയൊരു ചരിത്രമാണ് തീര്‍ക്കുന്നതെന്ന് കലക്ടർ പറഞ്ഞു. പരമാവധി പേര്‍ ഇതുപ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.